News

സഭയോടു ചേര്‍ന്നു സാക്ഷ്യജീവിതം സമഗ്രമാക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: സഭയുടെ ദര്‍ശനങ്ങളോടും നിലപാടുകളോടും ചേര്‍ന്നു ക്രൈസ്തവസാക്ഷ്യ ജീവിതം സമഗ്രമാക്കാന്‍ അല്മായ സമൂഹം പരിശ്രമിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. എറണാകുളം-അങ്കമാലി അതിരൂപതയുടെ 2014-17 വര്‍ഷത്തെ പാസ്റ്ററല്‍ കൗണ്‍സിലിന്റെ പത്താമതു സമ്മേളനം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സഭ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുമ്പോള്‍, പ്രാര്‍ഥനകളോടും കൂട്ടായ ചിന്തകളോടും ഐക്യത്തോടെയുള്ള പ്രതികരണങ്ങളോടും കൂടി സാക്ഷ്യത്തിന്റെ തലം ശക്തമാക്കേണ്ടതുണ്ട്. ഇടവകകളിലും സഭയുടെ സമസ്ത രംഗങ്ങളിലും കുടുംബാനുഭവത്തോടെ സഭാംഗങ്ങള്‍ മുഴുവന്‍ കൈകോര്‍ത്തു മുന്നേറണം. സമൂഹത്തിലും സഭയിലും ഐക്യത്തിനായുള്ള പരിശ്രമങ്ങളില്‍ അല്മായ നേതാക്കള്‍ കൂടുതല്‍ സജീവമാകേണ്ട കാലഘട്ടമാണിത്. കലാ, സാംസ്‌കാരിക മേഖലകളില്‍ സഭയുടെ സാക്ഷ്യം കൂടുതല്‍ ഫലപ്രദമാകണം. ക്രിസ്തീയ, ധാര്‍മിക മൂല്യങ്ങള്‍ പൊതുസമൂഹത്തിലേക്കു പകരാന്‍ മാധ്യമ മേഖലയിലെ ശുശ്രൂഷകള്‍ക്കു സാധിക്കണമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു.
ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, പള്ളിപ്പുറം ഫൊറോന വികാരി ഫാ. ജോസ് ഒഴലക്കാട്ട്, സീറോ മലബാര്‍ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, നിര്‍വാഹക സമിതി അംഗങ്ങളായ സിസ്റ്റര്‍ റെജിസ് മേരി, ആന്റണി പട്ടശേരി, മിനി പോള്‍, അംഗങ്ങളായ ടോബി മാമ്പിള്ളി, ജോസ് എട്ടുപറയില്‍, ഓമന സണ്ണി എന്നിവര്‍ പ്രസംഗിച്ചു.


ചലച്ചിത്രസംവിധായകന്‍ ജിബു ജേക്കബ്, ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ ബിനില്‍ മഞ്ഞളി എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. നമ്മുടെ ഇടവകകള്‍ കുടുംബങ്ങളാണോ- യാഥാര്‍ഥ്യങ്ങളും പ്രതീക്ഷകളും എന്ന വിഷയത്തില്‍ അങ്കമാലി ബസിലിക്ക റെക്ടര്‍ റവ.ഡോ. കുര്യാക്കോസ് മുണ്ടാടന്‍, സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.


തൃക്കാക്കര ഭാരതമാതാ കോളജിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു അസിസ്റ്റന്റ് മാനേജര്‍ ഫാ. ബിന്റോ കിലുക്കന്‍ വിശദീകരിച്ചു. പെരിയാര്‍ മലിനീകരണം, മലയാറ്റൂര്‍ കുരിശുമുടിയ്ക്കു സമീപത്തു ടാര്‍ പ്ലാന്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളില്‍ അതിരൂപത വൈസ് ചാന്‍സലര്‍ ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍ സംസാരിച്ചു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ആവശ്യപ്പെട്ടുള്ള പ്രമേയം നിര്‍വാഹക സമിതി അംഗം എസ്.ഡി. ജോസ് അവതരിപ്പിച്ചു.