News

ഫാ ആന്റണി കവലക്കാട്ട് നിര്യാതനായി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാംഗവും മലയാറ്റൂര്‍ കുരിശുമുടി അന്താരാഷ്ട്ര തീര്‍ഥാടനകേന്ദ്രത്തിന്റെ പ്രഥമ റെക്ടറുമായിരുന്ന ഫാ. ആന്റണി കവലക്കാട്ട് (76) നിര്യാതനായി. സംസ്‌കാരം മാര്‍ച്ച് 15 ബുധന്‍ ഉച്ചകഴിഞ്ഞു മൂന്നിനു കൊരട്ടി അന്നനാട് സെന്‍് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.


അന്നനാട് കവലക്കാട്ട് ചിറപ്പണത്ത് പരേതരായ ഇട്ടീര, മറിയം ദമ്പതികളുടെ മകനായി 1940 ജൂണ്‍ 19 നാണു ജനനം. 1968 ഡിസംബര്‍ 17 നു കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു.


മഞ്ഞപ്ര, അങ്കമാലി പള്ളികളില്‍ സഹവികാരിയായും താന്നിപ്പുഴ, ആലങ്ങാട് കുന്നേല്‍, പെരുമാനൂര്‍, തുറവൂര്‍, തിരുമുടിക്കുന്ന്, മലയാറ്റൂര്‍, മേയ്ക്കാട്, പ്രസന്നപുരം, പള്ളികളില്‍ വികാരിയായും സേവനം ചെയ്തു. 1976 മുതല്‍ 1985 വരെ എറണാകുളം അതിരൂപത വൈസ് ചാന്‍സലര്‍, അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ വെല്‍ഫെയര്‍ സര്‍വീസസിന്റെയും സേവ് എ ഫാമിലി പ്ലാന്‍ ഓഫ് ഇന്ത്യയുടെയും എക്്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാറ്റൂര്‍ കുരിശുമുടിയെ അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രമായി ഉയര്‍ത്തിയപ്പോള്‍ പ്രഥമ റെക്ടറായി നിയോഗിക്കപ്പെട്ടു. പ്രസിദ്ധമായ ആലങ്ങാട് കുന്നേല്‍ പള്ളിയുടെ ആദ്യത്തെ വികാരിയായിരുന്ന കാലഘട്ടത്തില്‍ പ്രദേശത്തു വിവിധ റോഡുകള്‍ നിര്‍മിക്കുന്നതിനു നേതൃത്വം നല്‍കിയിട്ടുണ്ട്.


മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരം 4.30 നു അന്നനാടുള്ള സഹോദരന്‍ ഡേവിസിന്റെ വസതിയിലെത്തിക്കും. നാളെ രാവിലെ 11.30 മുതല്‍ അന്നനാട് പള്ളിയില്‍ പൊതുദര്‍ശനം. മൂന്നിനു മെത്രാന്മാരുടെ കാര്‍മികത്വത്തില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കും. ഗ്രേസി, ഡേവിസ്, അല്‍ഫോന്‍സ, ജോണ്‍സണ്‍, ലിസി, പരേതനായ ജോസ് എന്നിവരാണു ഫാ. കവലക്കാട്ടിന്റെ സഹോദരങ്ങള്‍.