News

സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി; കേരളത്തിലെ ആഘോഷങ്ങള്‍ക്ക് ഒരുക്കം

 കൊച്ചി: സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ചു കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ നടക്കും. എറണാകുളത്തും സിസ്റ്റര്‍ റാണി മരിയയുടെ ജന്മനാടായ പെരുമ്പാവൂര്‍ പുല്ലുവഴിയിലും കൃതജ്ഞതാബലിയും അനുബന്ധ ആഘോഷങ്ങളും ഒരുക്കുന്നുണ്ട്്.

വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടക്കുന്ന മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് സിസ്റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പ് എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ എത്തിക്കും. നവംബര്‍ 11ന് എറണാകുളം-അങ്കമാലി അതിരൂപതയുടെയും എഫ്‌സിസി സന്യാസിനി സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കേരളസഭാതല ആഘോഷ പരിപാടികള്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു കൃതജ്ഞതാബലി. തിരുശേഷിപ്പ് പ്രയാണം, ആശംസാ സന്ദേശങ്ങള്‍, ഡോക്യുമെന്ററി പ്രകാശനം, സ്‌നേഹവിരുന്ന് എന്നിവയുണ്ടാകുംയ സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര സഭകളിലെ മെത്രാന്മാര്‍, വിവിധ രൂപതകളിലെയും സന്യാസ സമൂഹങ്ങളിലെയും വൈദികര്‍, സന്യാസിനികള്‍, അല്മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ നടന്ന യോഗത്തില്‍ അതിരൂപതയിലെ മെത്രാന്മാരുടെ മേല്‍നോട്ടത്തില്‍ ആഘോഷപരിപാടികളുടെ സ്വാഗതസംഘം രൂപീകരിച്ചു. അതിരൂപത പ്രോ വികാരി ജനറാള്‍ മോണ്‍. ആന്റണി നരികുളം ജനറല്‍ കണ്‍വീനറും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ അനീറ്റ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരുമായ സ്വാഗതസംഘത്തില്‍ പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ, ഫാ. ആന്റോ ചേരാംതുരുത്തി, എഫ്‌സിസി ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ സ്റ്റാര്‍ലി, ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, റവ.ഡോ. പോള്‍ കരേടന്‍, ഫാ. ജോസ് പാറപ്പുറം, ഫാ. എബി ഇടശേരി, ടിജോ പടയാട്ടില്‍, ഫാ. പോള്‍സണ്‍ പെരേപ്പാടന്‍, സിസ്റ്റര്‍ ഷെഫി, വിമല്‍ റോസ് എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്കു നേതൃത്വം നല്‍കും. സിസ്റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പ് നവംബര്‍ 15ന് ആഘോഷമായി പുല്ലുവഴി സെന്റ് തോമസ് പള്ളിയിലേക്കെത്തിക്കും. 19നു പുല്ലുവഴിയില്‍ നടക്കുന്ന കൃതജ്ഞതാബലിയിലും പൊതുസമ്മേളനത്തിലും മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര്‍, മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിക്കായി വികാരി ഫാ. ജോസ് പാറപ്പുറത്തിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്കു രൂപം നല്‍കി.

നവംബര്‍ നാലിന് ഇന്‍ഡോറിലാണു സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കുന്നത്.