News

ആര്‍ച്ചുബിഷപ്പ് ആഞ്ചലോ ബെച്യു വിശുദ്ധരുടെ കാര്യങ്ങള്‍ക്കുള്ള സംഘത്തലവന്‍

വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവനായി നിയുക്ത കര്‍ദ്ദിനാള്‍ ആര്‍ച്ചുബിഷപ്പ് ജൊവാന്ന് ആഞ്ചെലോ ബെച്യുവിനെ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചു. മെയ് 26-Ɔο തിയതി ശനിയാഴ്ച വത്തിക്കാന്‍റെ പ്രസ്താവന ഇക്കാര്യം വെളിപ്പെടുത്തി.

75 വയസ്സെത്തുന്ന സലീഷ്യന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാത്തോ സ്ഥാനമൊഴിയുന്നതോടെയാണ് നിയുക്ത കര്‍ദ്ദിനാളും, ഇറ്റലിക്കാരനുമായ ആര്‍ച്ചുബിഷപ്പ് ബെച്യു, 69 വയസ്സ് വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്നത്.  വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പകരക്കാരനായി, സഭാഭരണത്തിന്‍റെ പൊതുവായ കാര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിച്ചിരുന്ന ആര്‍ച്ചുബിഷപ്പ് ബെച്യൂ മാള്‍ട്ടയുടെ പരമോന്നത മിലിട്ടറി സഖ്യത്തിലേയ്ക്കുള്ള (Souvereign Military Order of Malta) പാപ്പായുടെ നിയുക്ത നിരീക്ഷകനുമാണ്.

ജൂലൈ 29-നു നടത്തപ്പെടുന്ന കണ്‍സിസ്ട്രിയില്‍ കര്‍ദ്ദിനാള്‍ സ്ഥാനമേല്‍ക്കുന്ന ആര്‍ച്ചുബിഷപ്പ് ബേച്യു ആഗസ്റ്റ് അവസാനത്തില്‍ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ ഭരണസാരഥ്യം എല്ക്കുമെന്ന് മെയ് 26-Ɔο തിയതി ശനിയാഴ്ച പുറത്തുവിട്ട വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

ഇറ്റലിയില്‍ പറ്റാടയില്‍ 1948 ജൂണ്‍ 2-ന് ജനിച്ചു. ഓസിയേരി രൂപതാവൈദികനായി 1972-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1984 സഭയുടെ നയതന്ത്ര വിഭാഗത്തില്‍ പരിശീലനം നേടി. 2009-വരെ വിവിധ രാജ്യങ്ങളില്‍ വത്തിക്കാന്‍റെ നയതന്ത്ര പ്രതിനിധിയായി സേവനംചെയ്തു. പാപ്പാ ബെനഡിക്ടാണ് 2009-ല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പകരക്കാരനായി നിയമിച്ചത്. 2013-ല്‍ പാപ്പാ ഫ്രാന്‍സിസ് ഭരണമേറ്റപ്പോള്‍ തല്‍സ്ഥാനം സ്ഥിരീകരിക്കപ്പെട്ടു. 2017-ല്‍ മാള്‍ട്ടിയിലെ പരമോന്നത മിലിട്ടറി സഖ്യത്തിന്‍റെ പ്രതിസന്ധികളില്‍ അതിന്‍റെ നിരീക്ഷകനായും പാപ്പാ ഫ്രാന്‍സിസ് നിയമിച്ചു.