News

കത്തോലിക്ക-ലൂതറന്‍ സഭകളുടെ ഐക്യയാത്ര പ്രത്യാശാഭരിതം-പാപ്പാ

കത്തോലിക്ക-ലൂതറന്‍ സഭകള്‍ക്കിടയിലുള്ള ഭിന്നതകള്‍ പൂര്‍ണ്ണമായി തരണം ചെയ്യാന്‍ ദൈവസഹായത്താല്‍ ഭാവിയില്‍ സാധിക്കുമെന്ന് മാര്‍പ്പാപ്പാ പ്രത്യാശ പ്രകടിപ്പിക്കുന്നു.

ജര്‍മ്മനിയില്‍ നിന്നെത്തിയ ലൂതറന്‍ എവഞ്ചേലിക്കല്‍ സമൂഹത്തിന്‍റെയും ലൂതറന്‍ സമൂഹത്തിന്‍റെ ആഗോള സംയുക്തസമിതിയുടെയും പ്രതിനിധികളെ തിങ്കളാഴ്ച (04/06/18) വത്തിക്കാനില്‍ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ ഉണ്ടായിരുന്ന തെറ്റിദ്ധാരണകളെ അതിജീവിക്കാന്‍ പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്താലും സഹോദര്യാരൂപിയോടുകൂടിയ കൂടിക്കാഴ്ചകളാലും സുവിശേഷത്തിന്‍റെ യുക്തിയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളാലും ലൂതറന്‍കത്തോലിക്കാസഭാസമൂഹങ്ങളുടെ ഔപചാരിക സംഭാഷണങ്ങളാലും കഴിഞ്ഞിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു.

ആത്മാര്‍ത്ഥ ഹൃദയത്തോടെ പരസ്പരം സ്നേഹിക്കാന്‍ വിളിക്കപ്പെട്ടവരാണ്, ക്രൈസ്തവരെന്ന നിലയില്‍ കത്തോലിക്കരും ലൂതറന്‍ സഭാനുയായികളും എന്ന് ഉദ്ബോധിപ്പിച്ച പാപ്പാ സ്നേഹത്തിന്‍റെ അരൂപിയ്ക്ക് നമ്മെ ഉപവിയുടെ സരണിയിലൂടെ നയിക്കാതിരിക്കാനാകില്ല എന്നു കൂട്ടിച്ചേര്‍ത്തു.

പീഡിപ്പിക്കപ്പെടുകയും ദുരിതമനുഭവിക്കുകയും ചെയ്യുന്ന സഹോദരങ്ങള്‍ക്ക് സാന്ത്വനമേകുന്നതിന് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ കത്തോലിക്കരും ലൂതറന്‍ അനുയായികളും വിളിക്കപ്പെട്ടിരിക്കുന്നവെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

യേശുവിലുള്ള വിശ്വാസത്തെപ്രതി പീഢിപ്പിക്കപ്പെടുന്ന സഹോദരങ്ങളുടെ സഹനങ്ങള്‍ ഇരു സഭാസമൂഹങ്ങളും തമ്മില്‍ സമൂര്‍ത്തവും ദൃശ്യവുമായ ഐക്യത്തില്‍ എത്തിച്ചേരാനുള്ള അടിയന്തിര ക്ഷണമാണെന്നും പാപ്പാ പറഞ്ഞു.