News

പാപ്പായുടെ വിദേശ അപ്പസ്തോലിക പര്യടനം -പുനരവലോകനം!

ഇടയ്ക്ക് കാര്‍മേഘാവൃതമായെങ്കിലും പൊതുവെ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെട്ട ഈ ബുധനാഴ്ച (08/05/2019) ഫ്രാന്‍സീസ് പാപ്പാ പതിവുപോലെ പ്രതിവാരപൊതുദര്‍ശനം അനുവദിച്ചു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണമായിരുന്നു വേദി. പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിന് വിവിധരാജ്യാക്കാരായിരുന്ന ആയിരക്കണക്കിനു ജനങ്ങള്‍ ചത്വരത്തില്‍ എത്തിയിരുന്നു. തന്നെ ഏവര്‍ക്കും   കാണത്തക്കരീതിയില്‍ സജ്ജീകരിച്ചിട്ടുള്ള വെളുത്ത തുറന്ന വാഹനത്തില്‍ അങ്കണത്തിലെത്തിയ പാപ്പായെ   ജനസഞ്ചയം ഹര്‍ഷാരവങ്ങളോടെ  വരവേറ്റു. ബസിലിക്കാങ്കണത്തില്‍ എത്തിയ പാപ്പാ ഏതാനും ബാലികാബാലന്മാരേയും വാഹനത്തിലേറ്റി ഏവര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്, ജനങ്ങള്‍ക്കിടയിലൂടെ, സാവധാനം നീങ്ങി. പതിവുപോലെ, അംഗരക്ഷകര്‍ ഇടയ്ക്കിടെ തന്‍റെ പക്കലേക്ക് എടുത്തുകൊണ്ടുവന്നിരുന്ന പിഞ്ചു കുഞ്ഞുങ്ങളെ പാപ്പാ വാഹനം നിറുത്തി തൊട്ടുതലോടുകയും ആശീര്‍വദിക്കുകയും സ്നേഹചുംബനമേകുകയും ചെയ്യുന്നുണ്ടായിരുന്നു. പ്രസംഗവേദിക്കടുത്തുവച്ച് തന്നോടൊപ്പം ഉണ്ടായിരുന്ന ബാലികാബാലന്മാരെ വാഹനത്തില്‍ നിന്നിറക്കിയതിനുശേഷം പാപ്പായും ഇറങ്ങി നടന്ന് വേദിയിലേക്കു പോയി. വേദിയിലെത്തിയ പാപ്പാ റോമിലെ സമയം രാവിലെ 09.30 കഴിഞ്ഞപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിക്കു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

സുവിശേഷം

"22 യേശു വീണ്ടും ശിഷ്യരോടരുളിച്ചെയ്തു: അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, എന്തു ഭക്ഷിക്കും എന്നു ജീവനെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങള്‍ ആകുലരാകേണ്ട.30 ഈ ലോകത്തിന്‍റെ ജനതകളാണ് ഇതെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്ക് ഇതെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ പിതാവിനറിയാം.31 നിങ്ങള്‍ അവിടത്തെ രാജ്യം അന്വേഷിക്കുവിന്‍, ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്കു ലഭിക്കും.32 ചെറിയ അജഗണമേ, ഭയപ്പെടേണ്ട. എന്തെന്നാല്‍, നിങ്ങള്‍ക്കു രാജ്യം നല്കാന്‍ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു". (ലൂക്കായുടെ സുവിശേഷം 12:22.30-32)

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങളെ സംബോധനചെയ്ത പാപ്പാ, താന്‍ ബള്‍ഗേറിയ, ഉത്തര മാസിഡോണിയ എന്നിവിടങ്ങളില്‍ ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ (05-07/05/2019 ) നടത്തിയ ഇടയസന്ദര്‍ശനം പുനരവലോകനം ചെയ്തു.

പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയില്‍ ആയിരുന്നമുഖ്യ പ്രഭാഷണത്തിന്‍റെ സംഗ്രഹം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം,

നന്ദിപ്രകാശനം

ബള്‍ഗേറിയായിലും ഉത്തരമാസിഡോണിയായിലും നടത്തിയ ത്രിദിന ഇടയസന്ദര്‍ശനത്തിനു ശേഷം ഇന്നലെ വൈകുന്നേരം, ഏറെ വൈകി, ഞാന്‍ തിരിച്ചെത്തി. ഈ സന്ദര്‍ശനങ്ങള്‍ക്കുള്ള അവസരം എനിക്കേകിയതിന് ദൈവത്തോട് ഞാന്‍ നന്ദിപറയുന്നു. ആദരവോടും സന്നദ്ധതയോടുംകൂടെ എനിക്കേകിയ വരവേല്പിന് ഈ നാടുകളുടെ പൗരാധികാരികളോടുമുള്ള എന്‍റെ കൃതജ്ഞത ഞാന്‍ നവീകരിക്കുന്നു. എന്‍റെ  തീര്‍ത്ഥാടനത്തില്‍ സ്നേഹോഷ്മളതയോടും ആദരവോടും എനിക്കു തുണയേകിയ മെത്രാന്മാര്‍ക്കും സഭാസമൂഹങ്ങള്‍ക്കും എന്‍റെ ഏറ്റം ഹൃദയംഗമമായ നന്ദി.

പാപ്പാ ബള്‍ഗേറിയായില്‍

1925 ല്‍ ബള്‍ഗേറിയായിലേക്ക് അപ്പസ്തോലിക സന്ദര്‍ശകനായും പിന്നീട് അപ്പസ്തോലിക പ്രതിനിധിയായും അയക്കപ്പെട്ട വിശുദ്ധ യോഹന്നാന്‍ ഇരുപത്തിമൂന്നാമന്‍റെ ജീവന്‍തുടിക്കുന്ന സ്മരണ അന്നാട്ടിലെ സന്ദര്‍ശനത്തിലുടനീളം തെളിഞ്ഞു നിന്നു. അദ്ദേഹത്തിന്‍റെ ഭൂതദയയുടെയും അജപാലന ഉപവിയുടെയും മാതൃകയാല്‍ പ്രചോദിതനായി ഞാന്‍ മദ്ധ്യ, പൂര്‍വ്വ, ദക്ഷിണ യൂറോപ്പുകള്‍ക്കിടയില്‍ പാലം തീര്‍ക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്ന ഒരു ജനതയുമായി കൂടിക്കാഴ്ച നടത്തി. "പാച്ചെം ഇന്‍ തേരിസ്" അഥവാ, "ഭൂമിയില്‍ സമാധാനം" എന്ന മുദ്രാവാക്യം ആധാരമാക്കി ഞാന്‍, എല്ലാവരേയും സാഹോദര്യത്തിന്‍റെ സരണിയില്‍ ചരിക്കാന്‍ ക്ഷണിച്ചു. ബള്‍ഗേറിയായിലെ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയാര്‍ക്കീസ് നെയൊഫിറ്റുമായും പ്രസ്തുത സഭയുടെ സിനഡുമായുമുള്ള കൂടിക്കാഴ്ചയിലൂടെ ഈ പാതയില്‍ ഒരു ചുവടുകൂടെ മുന്നോട്ടു വയ്ക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം എനിക്കുണ്ട്. വാസ്തവത്തില്‍ ക്രൈസ്തവരെന്ന നിലയില്‍ നമ്മുടെ വിളിയും ദൗത്യവും ഐക്യത്തിന്‍റെ അടയാളവും ഉപകരണവും ആയിരിക്കുയാണ്. പരിശുദ്ധാരൂപിയുടെ സഹായത്താല്‍ അതു നമുക്കു സാധിക്കും. അതിന് നമ്മെ ഭിന്നിപ്പിചവയുടെയും ഇനിയും ഭിന്നിപ്പിക്കുന്നവയുടെയും കാരണങ്ങളല്ല,  മറിച്ച്, നമ്മെ ഒന്നിപ്പിക്കുന്നവയെ ഉയര്‍ത്തിപ്പിടിക്കണം.

ഇന്നത്തെ ബള്‍ഗേറിയ വിശുദ്ധരായ സിറിലും മെത്തോഡിയൂസും സുവിശേഷവത്ക്കരിച്ച മണ്ണാണ്. ഈ വിശുദ്ധരെ വിശുദ്ധ രണ്ടാം ജോണ്‍പോള്‍ മാര്‍പ്പാപ്പാ യുറോപ്പിന്‍റെ സ്വര്‍ഗ്ഗീയ സംരക്ഷകനായ വിശുദ്ധ ബെനഡിക്ടിനോടൊപ്പം ചേര്‍ത്തു. സോഫിയായില്‍, വിശുദ്ധ അലക്സാണ്ഡര്‍ നേവ്കിയിന്‍റെ നാമത്തിലുള്ള പ്രൗഢഗംഭീരമായ പാത്രിയാര്‍ക്കല്‍ കത്തീദ്രലില്‍ എനിക്ക്  വിശുദ്ധരായ സിറില്‍ മെത്തോഡിയൂസ് സഹോദരങ്ങളുടെ തിരുസ്വരൂപങ്ങള്‍ക്കു മുന്നില്‍ പ്രാര്‍ത്ഥനയില്‍ ചിലവഴിക്കാന്‍ സാധിച്ചു. ഇനിയും സുവിശേഷം എത്തിച്ചേരാത്തിടങ്ങളില്‍ അതെത്തിക്കുന്നതിന് തീക്ഷ്ണതയുള്ളവരും സര്‍ഗ്ഗശക്തിയുള്ളവരുമായ സുവിശേഷവത്ക്കര്‍ത്താക്കളെ ഇന്നും ആവശ്യമുണ്ട്. പുരാതനമായ ക്രിസ്തീയ വേരുകള്‍ ഉണങ്ങിപ്പോയ മണ്ണുകള്‍ വീണ്ടും നനയ്ക്കുന്നതിന് ഇവരെ ആവശ്യമാണ്.ബ ബള്‍ഗേറിയായിലെ കത്തേലിക്കാസമൂഹത്തിനുവേണ്ടി ആ മണ്ണില്‍ രണ്ടു പ്രാവശ്യം ദിവ്യബലിയര്‍പ്പിക്കാന്‍ എനിക്കു സാധിച്ചു. പ്രത്യാശയുള്ളവരും രചനാത്മകതയുള്ളവരുമായിരിക്കാന്‍ ഞാന്‍ അവര്‍ക്ക് പ്രചോദനം പകര്‍ന്നു.

ബള്‍ഗേറിയായിലെ അവസാന പരിപാടി വിവിധ മതങ്ങളുടെ പ്രതിനിധികളുമൊത്തുള്ളതായിരുന്നു. സമാധാനമെന്ന ദാനത്തിനായി ഞങ്ങള്‍ ഏകയോഗമായി പ്രാര്‍ത്ഥിച്ചു. ആ സമയത്ത് ഒരു കൂട്ടം കുട്ടികള്‍ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും പ്രതീകമായ  കത്തിച്ച വിളക്കുകളേന്തിയിരുന്നു.

പാപ്പാ ഉത്തര മാസിഡോണിയായില്‍

കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍തെരേസയുടെ ശക്തമായ ആത്മീയചൈതന്യമാണ് ഉത്തരമാസിഡോണിയായില്‍ എന്നെ നയിച്ചത്. ഉത്തരമാസിഡോണിയായിലെ സ്കൊപ്യേയില്‍ 1910 ലായിരുന്നു ഈ വിശുദ്ധയുടെ ജനനം. അവിടത്തെ ആ ഇടവകയില്‍ വച്ചാണ് വിശുദ്ധ മദര്‍ തെരേസ പ്രാരംഭകൂദാശകള്‍ സ്വീകരിക്കുകയും യേശുവിനെ സ്നേഹിക്കാന്‍ പഠിക്കുകയും ചെയ്തത്. ചെറിയവളും പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്താല്‍ കൃപാവരശക്തിയാല്‍ പൂരിതയുമായ ആ മഹിളയില്‍ അന്നാട്ടിലെയും ലോകത്തിലെ പ്രാന്തപ്രദേശങ്ങളിലെയും സഭയുടെ രൂപം നമുക്കു ദര്‍ശിക്കാന്‍ കഴിയും. മദര്‍ തെരേസയുടെ സഹോദരികളെ സന്ദര്‍ശിച്ചവേളയില്‍ ഞാന്‍ അവരെ പാവപ്പെട്ടവരുടെ കൂടെ ആണു കണ്ടത്. അത് എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചു. ആ സഹോദരികളുടെ സുവിശേഷാത്മകമായ ആര്‍ദ്രത ഹൃദയത്തെ തൊടുന്നതായിരുന്നു. പ്രാര്‍ത്ഥനയും ആരാധനയുമാണ് അവരുടെ ഈ ആര്‍ദ്രതയുടെ ഉറവിടം.  വിശുദ്ധ മദര്‍ തെരേസയുടെ സ്മാരക ഭവനത്തില്‍ ഇതര മതങ്ങളുടെ നേതാക്കളുടെയും പാവപ്പെട്ടവരുടെ സമൂഹത്തിന്‍റെയും സാന്നിദ്ധ്യത്തില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുകയും ഈ വിശുദ്ധയുടെ നാമത്തില്‍ പണികഴിപ്പിക്കാന്‍ പോകുന്ന ഒരു ദേവാലയത്തിന്‍റെ പ്രഥമ ശില ആശീര്‍വ്വദിക്കുകയും ചെയ്തു.

1991 ല്‍ സ്വതന്ത്രമായ ഉത്തര മാസിഡോണിയായുടെ യാത്രയില്‍ ആരംഭം മുതല്‍ തന്നെ പരിശുദ്ധസിംഹാസനം സഹായമേകാന്‍ ശ്രമിച്ചിട്ടുണ്ട്. ഭിന്ന മത,വര്‍ഗ്ഗങ്ങളില്‍പ്പെട്ടവരെ സ്വാഗതം ചെയ്യാന്‍ അന്നാടിന് പാരമ്പര്യമായുള്ള കഴിവിന് പ്രചോദനം പകരാന്‍ എന്‍റെ ഈ സന്ദര്‍ശനം വഴി ഞാന്‍ ആഗ്രഹിച്ചു.

വ്യവസ്ഥാപിതപരമായ വീക്ഷണത്തില്‍ യുവരാജ്യമാണ് ഉത്തര മാസിഡോണിയ. സ്വന്തം വേരുകള്‍ നഷ്ടപ്പെടുത്താതെതന്നെ വിശാലമായ ചക്രവാളത്തിലേക്ക് സ്വയം തുറക്കേണ്ട ആവശ്യമുള്ള ഒരു കൊച്ചു നാടാണ് അത്. അതു കൊണ്ടു തന്നെ യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച സുപ്രധാനമായി ഞാന്‍ കണ്ടു. വലിയ സ്വപ്നം കാണാനും പ്രാര്‍ത്ഥനയിലും ആവശ്യത്തിലിരിക്കുന്ന സഹോദരങ്ങളുടെ ശരീരത്തിലും സംസാരിക്കുന്ന ദൈവത്തിന്‍റെ സ്വരം ശ്രവിച്ച മദര്‍ തേരേസയെപ്പോലെ സാഹസികത ഏറ്റെടുക്കാനും ഞാന്‍ യുവജനത്തെ ഉപദേശിച്ചു.

സ്കൊപ്യേയില്‍ യുവാക്കളുടേതിനു പുറമെ വൈദികരുടെയും സമര്‍പ്പിതജീവിതം നയിക്കുന്നവരുടെയും സാക്ഷ്യങ്ങള്‍ ഞാന്‍ ശ്രവിച്ചു. സഭയുടെയും ലോകത്തിന്‍റെയും പ്രശ്നങ്ങള്‍ക്കു മുന്നില്‍ എന്‍റെ ഈ ചെറിയ ദാനം എന്താണ് എന്ന് ചോദിക്കാന്‍ അവര്‍ എന്നെങ്കിലും പ്രലോഭിതരാകും. മാവിനെ മുഴുവന്‍ പുളിപ്പിക്കാന്‍ അല്പം പുളിപ്പിനു സാധിക്കും എന്നു ഞാന്‍ അവരോടു പറഞ്ഞു. ശുദ്ധമായ അല്പം പരിമളത്തിന് അന്തരീക്ഷത്തെ മുഴുവന്‍ സുഗന്ധപൂരിതമാക്കാന്‍ സാധിക്കും.

ദിവ്യകാരുണ്യയേശുവിന്‍റെ രഹസ്യം നരുകുലത്തിനു മുഴുവന്‍ ജീവന്‍റെ വിത്താണ്. മുറിക്കപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്ത ഏതാനും അപ്പവും മീനുംകൊണ്ട് അനേകരുടെ വിശപ്പടക്കിയ ദൈവത്തിന്‍റെ അത്ഭുതം ഇന്നത്തെ യൂറോപ്പിലെ ഒരു പ്രാന്തത്തില്‍ ഒരിക്കല്‍കൂടി ആവര്‍ത്തിക്കപ്പെട്ടതായിരുന്നു സ്കോപ്യേയിലെ ചത്വരത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലി. ഈ അപ്പസ്തോലിക പര്യടനത്തില്‍ ഞാന്‍ സന്ദര്‍ശിച്ച ജനങ്ങളുടെ വര്‍ത്തമാന-ഭാവികാലങ്ങള്‍ ദൈവത്തിന്‍റെ അക്ഷയമായ പരിപാലനയ്ക്ക് സമര്‍പ്പിക്കാം. ബള്‍ഗേറിയയെയും ഉത്തര മാസിഡോണിയയെും അനുഗ്രഹിക്കുന്നതിന് പരിശുദ്ധ കന്യകാമറിയത്തോടു പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുകയാണ്.

പ്രഭാഷണാനന്തര അഭിവാദ്യം

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

ശനിയാഴ്ച (04/05/2019) മെക്സിക്കൊയിലെ മെക്സിക്കൊ നഗരത്തില്‍ ഒരു കുടുംബിനി, മരിയ ദെ ല കണ്‍സെപ്ഷന്‍ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു.

ക്രിസ്തുവിന്‍റെ കുരിശിന്‍റെ പരിത്രാണമൂല്യത്തിന് സാക്ഷ്യമേകിയവളാണ് നവവാഴ്ത്തപ്പെട്ടവളെന്ന് പറഞ്ഞ പാപ്പാ ഈ ധീരസാക്ഷിയെ പ്രദാനം ചെയ്ത ദൈവത്തിന് നന്ദിയേകാന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ, പൊതുദര്‍ശന പരിപാടിയുടെ അവസാനം കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനെ തുടര്‍ന്ന് എല്ലാവര്‍ക്കും  തന്‍റെ  അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.


Source :Vatican News Malayalam, 08 May 2019