News

വിശ്വാസ പരിശീലന വർഷം ഉദ്ഘാടനം ചെയ്തു

വേദനിക്കുന്നവർക്കു പ്രത്യാശ പകർന്നു നല്കാനാവണം:മാർ എടയന്ത്രത്ത്

കൊച്ചി: വേദനിക്കുന്നവരെ നമ്മോടു ചേർത്തുനിർത്തി അവർക്കു പ്രത്യാശ പകർന്നു നല്കാൻ സാധിക്കുന്നതു വിശ്വാസജീവിതത്തിന്റെ മഹത്തായ പ്രകാശമാണെന്ന് എറണാകുളം - അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്. അതിരൂപതയിൽ വിശ്വാസ പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവങ്ങളിൽ ദൈവാനുഭവം ദർശിക്കാനാവുമ്പോൾ നമ്മിലും പ്രത്യാശ വളരുന്നു. വേദനിക്കുന്നവരെ സ്നേഹത്തോടും ആദരവോടും കൂടി സമീപിക്കണം. സ്വർഗത്തിൽ നിന്ന് വരുന്നതു മാത്രമല്ല പ്രത്യാശ; ഭൂമിയിൽ നാം അതു കണ്ടുമുട്ടണം. ദൈവത്തിന്റെ പ്രത്യാശ നമ്മുടെ പ്രത്യാശയായി മാറണം. വിശ്വാസപരിശീലനം ദൈവത്തിൽ പ്രത്യാശയർപ്പിക്കുന്നതിലൂടെ സാധ്യമാകേണ്ടതാണ്. സുവിശേഷം ജീവിക്കുകയും അതിനു മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നതിലൂടെയാണ് വിശ്വാസ പരിശീലനപ്ര്രകിയ അർത്ഥപൂർണമാകുന്നതെന്നും മാർ എടയന്ത്രത്ത് ഓർമ്മിപ്പിച്ചു.

കലൂർ റിന്യുവൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ അതിരൂപത ഡയറക്ടർ റവ.ഡോ. പീറ്റർ കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിയോ മാടപ്പാടൻ, സിജോ ജോസ്, ജോബി പാണൻവെളി, സിസ്റ്റർ ഷിജി, സിസ്റ്റർ എൽസീന, ആഷ്ലി, അന്ന ജോൺ എന്നിവർ പ്രസംഗിച്ചു.

വിശ്വാസപരിശീലനത്തിൽ മികവു തെളിയിച്ചവരെയും വിരമിക്കുന്ന പ്രൊമോട്ടർമാരെയും ആദരിച്ചു.

നേരത്തെ നടന്ന പ്രതിനിധി സമ്മേളനം ബിഷപ്പ് മാർ ജോസ് പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രത്യാശയിൽ ജീവിക്കുന്നവർക്കാണു പ്രത്യാശ പകർന്നു നല്കാവുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിശ്വാസപരിശീലനത്തെ സംബന്ധിച്ച വിവിധ വിഷയങ്ങളിൽ അതിരൂപത വിശ്വാസ പരിശീലനകേന്ദ്രം മുൻ ഡയറക്ടർമാരായ റവ.ഡോ. ജോസ് ഇടശ്ശേരി, റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, റവ.ഡോ. ജോസ് പുതിയേടത്ത് എന്നിവർ നടത്തി. പ്രത്യാശയുടെ ദൈവമക്കൾ എന്നതാണ് 2019-20 അധ്യയന വർഷത്തിലെ വിശ്വാസപരിശീലനത്തിന്റെ പ്രമേയം


Source: Deepika, 2019 May 26