News

ഭിന്നശേഷിക്കാരോടു വേണ്ടതു സ്നേഹമനോഭാവം: മാർ കരിയിൽ

കൊച്ചി: സ്നേഹത്തിന്റെയും കരുതലിന്റെയും ക്രിയാത്മക മനോഭാവത്തോടെ ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിക്കണമെന്നു എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ പറഞ്ഞു.

എറാണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ വികലാംഗദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ‘എബിലിറ്റി ഡേ’ ആഘോഷങ്ങൾ കലൂർ റിന്യൂവൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേവലം ഒരു ദിനത്തിന്റെ ആചരണത്തിനപ്പുറം ജീവിതകാലം മുഴുവനും നീണ്ടുനിൽക്കുന്ന കരുതലും സ്നേഹവുമാണ് ഭിന്നശേഷിക്കാരായ സഹോദരങ്ങൾക്കും മറ്റു വേദനിക്കുന്നവർക്കുമായി സമൂഹം നല്കേണ്ടത്. വൈകല്യങ്ങളുണ്ടാകുന്ന സാഹചര്യങ്ങളെ തിരിച്ചറിഞ്ഞു കരുതലെടുക്കാൻ നാം ശ്രമിക്കണം. സമൂഹത്തിൽ പാർശ്വവത്കരിക്കുന്നവർക്കായി സഹൃദയ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മാർ കരിയിൽ പറഞ്ഞു.

രണ്ടായിരത്തോളം സഹൃദ സ്പർശൻ വികലാംഗ ഫെഡറേഷൻ അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ സതേൺ റെയിൽവേ ഏരിയ മാനേജർ നിഥിൻ റോബർട്ട് മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷിക്കാരുടെ വ്യക്തിത്വത്തെയും അന്തസിനെയും മാനിച്ചുകൊണ്ടുള്ള സഹായസമീപനമാണ് സമൂഹത്തിൽ നിന്നുണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

പരിമിതികളെ അതിജീവിച്ച് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് പ്രചോദനമായ അനീഷ് മോഹൻ, ഷിഹാബുദീൻ പൂക്കോട്ടൂർ, പ്രദീപ് പെരുമ്പാവൂർ, സുർജിത്ത് സിദ്ധാർത്ഥ്, അഞ്ജു റാണി ജോയി, വി.ജി. അനിൽ, പി.വി. സെലീന, ജെയ്സൺ ജോയ് എന്നിവരെ മാർ ആന്റണി കരിയിൽ സഹൃദയ സ്പർശൻ പുരസ്കാരങ്ങൾ നല്കി ആദരിച്ചു.

പ്ലാസ്റ്റിക് കിറ്റുകൾക്കു പകരമായി സഹൃദയ പുറത്തിറക്കുന്ന തുണിസഞ്ചികളുടെ വിതരണോദ്ഘാടനവും ആർച്ച്ബിഷപ്പ് നിർവഹിച്ചു. ആശാകിരണം കാൻസർ കെയർ പദ്ധതിയുടെ സംഭാവന കൂപ്പൺ പ്രകാശനം ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്തിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ആൻസി മാപ്പിളപ്പറമ്പിലും വീൽചെയറുകളുടെ വിതരണം സബ് റീജണൽ എംപ്ലോയ്മെന്റ് ഓഫീസർ സി.ജി. സാബുവും നിർവഹിച്ചു.

സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി, കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. പീറ്റർ തിരുതനത്തിൽ, ഫാ. ജോസ് കൊളുത്തുവെള്ളിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.പി. ജെരാർദ്, സ്പർശൻ കോ ഓർഡിനേറ്റർ സെലിൻ പോൾ, സ്പർശൻ ഫെഡറേഷൻ പ്രസിഡന്റ് വി.ജി. അനിൽ എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷിയുള്ള കലാകാരന്മാരെ സംഘടിപ്പിച്ചു സഹൃദയ രൂപീകരിച്ച സഹൃദയ മെലഡീസ് കലാസമിതിയുടെ നാലാം വാർഷികവും ഇരുന്നൂറു വേദികൾ പൂർത്തിയാക്കിയതിന്റെ ആഘോഷവും (മെലഡീസ് ഓഫ് ലൈഫ് വിത്ത് എ ഡിഫറൻസ്) ഗാനമേളയും ഉണ്ടായിരുന്നു.

Source: Deepika, 2019 December 03.