News

മാർ പഴേപറമ്പിലിന്റേത് നിസ്വാർത്ഥ ശുശ്രൂഷയുടെ നേതൃത്വശൈലി - ആർച്ചുബിഷപ് ആന്റണി കരിയിൽ

 മാർ ളൂയിസ് പഴേപറമ്പിൽ പിതാവിന്റെ നേതൃത്വശൈലി  നിസ്വാർത്ഥ ശുശ്രൂഷയുടെതായിരുന്നുവെന്ന് ആർച്ചുബിഷപ് മാർ ആന്റണി കരിയിൽ. മാർ ളൂയിസ് പഴേപറമ്പിൽ പിതാവിന്റെ ചരമശതാബ്ദിയുടെ ഭാഗമായി നടത്തിയ സ്മൃതിവന്ദനം-മാർ ളൂയിസ് പഴേപറമ്പിലും വ്യാകുലങ്ങളും എന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  എറണാകുളം വികാരിയത്തിന്റെ പ്രഥമ വികാരി അപ്പസ്തോലിക്കയായിരുന്ന മാർ പഴേപറമ്പിൽ എറണാകുളം അതിരൂപതയ്ക്ക് അടിത്തറയിട്ട ആത്മീയ നേതാവാണെന്നു മാത്രമല്ല സീറോ മലബാർ സഭയ്ക്ക് തദ്ദേശീയ മെത്രാന്മാരെ ലഭിക്കുവാൻ വ്യാകുലങ്ങളേറ്റു വാങ്ങിയ വ്യക്തികൂടിയാണെന്ന് അഭിവന്ദ്യ പിതാവ് സൂചിപ്പിച്ചു. മാർ ളൂയീസ് ബുക്ക്സെന്റർ, സത്യദീപം  വാരിക എന്നിവയുടെ ആഭിമുഖ്യത്തിൽ റിന്യുവൽ സെന്ററിൽ നടന്ന സിമ്പോസിയത്തിൽ  ഏഴുവ്യാകുലങ്ങളിലെ മാർ ളൂയിസ് പഴേപറമ്പിൽ എന്ന വിഷയത്തെ അധികരിച്ച് റവ.ഡോ. ജോസ് കുറിയേടത്ത് സി.എം.ഐയും മാർ ളൂയിസ് പഴേപറമ്പിൽ സഭാചരിത്രത്തിലെ വെള്ളിനക്ഷത്രം എന്ന വിഷയത്തിൽ റവ. ഡോ. ഇഗ്നേഷ്യസ് പയ്യപ്പിള്ളിയും സംസാരിച്ചു. മാർ ളൂയിസ് പഴേപറമ്പിലും സഭയിൽ നവഫ്യൂഡ ലിസത്തിന്റെ സ്വാധീനവും എന്ന പ്രബന്ധം പ്രൊഫ. മൈക്കിൾ തരകനും എറണാകുളം-അങ്കമാലി അതിരൂപതയും ഭാവാത്മക കാഴ്ചപ്പാടുകളും എന്ന പ്രബന്ധം റവ.ഡോ. പോൾ തേലക്കാട്ടും അവതരിപ്പിച്ചു.

ഉദ്ഘാടനസമ്മേളനത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ സിഞ്ചേല്ലൂസ് റവ.ഡോ.ജോസ് പുതിയേടത്ത് സ്വാഗതവും, പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി റവ.ഡോ. കുര്യാക്കോസ് മുണ്ടാടൻ നന്ദിയും പറഞ്ഞു. സത്യദീപം എഡിറ്റർ ഫാ. മാത്യു കിലുക്കൻ, മാർ ളൂയിസ് ബുക്ക് സെന്റർ ഡയറക്ടർ ഫാ. സാജൂ കോരേൻ എന്നിവരും സംസാരിച്ചു.


Source: Deepika, 2019 December 19