News

സ്നേഹശബ്ദം കുടുംബങ്ങളിൽ നിറയണം: മാർ കരിയിൽ

കൊച്ചി: കുടുംബങ്ങളിൽ സ്നേഹത്തിന്റെ ശബ്ദം നിറയേണ്ട കാലമാണിതെന്ന് എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ. അതിരൂപത കുടുംബ പ്രേഷിത കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തൃക്കാക്കര ഭാരതമാത കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഗ്രെയ്സ് റിപ്പിൾസ് ദമ്പതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുടുംബത്തിലെ സ്നേഹത്തിന്റെ മാതൃക നസ്രത്തിലെ തിരുക്കുടുംബമാണ്. പരസ്പരസ്നേഹവും വിശ്വാസവും ഐക്യവുമുള്ള സ്നേഹസംസ്കാരത്തിന് ദമ്പതികളുടെ പരസ്പരസ്നേഹം നിർണായകമാണെന്നും മാർ കരിയിൽ പറഞ്ഞു. ജീവനുണർത്തും കുടുംബഭാഷ എന്ന വിഷയം കുടുംബപ്രേഷിതകേന്ദ്രം ഡയറക്ടർ റവ.ഡോ. അഗസ്റ്റിൻ കല്ലേലി അവതരിപ്പിച്ചു.

സിസ്റ്റർ ഡോ. റോസ് ജോസ്, റോബിൾ മാത്യു, കോ ഓർഡിനേറ്റർ റൈഫൻ ജോസഫ്, ടെസി തുടങ്ങിയവർ സെഷനുകൾ നയിച്ചു. ഇരിങ്ങാലക്കുട രൂപത കാത്തലിക് കപ്പിൾസ് മൂവ്മെന്റ് പ്രസിഡന്റ് ഡോ. റെജു, ഡോ. സോണിയ എന്നിവർ പ്രഭാഷണം നടത്തി. ദിവ്യബലിയിൽ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിൽ മുഖ്യകാർമികത്വം വഹിച്ചു.

ദമ്പതിസംഗമത്തിൽ കോളേജ് മാനേജർ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, ഫാ. ജോയ്സൺ പുതുശേരി എന്നിവർ പ്രസംഗിച്ചു. പോസ്റ്റർ മത്സര വിജയികൾക്കു സമ്മാനവിതരണം നടത്തി. അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള ആയിരത്തോളം പേർ പങ്കെടുത്തു.


Source: Deepika, 2019 December 22.