News

ഫാ. വർക്കി കാട്ടറാത്ത് ഇനി ദൈവദാസൻ

കൊച്ചി: വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ (വിസി) സ്ഥാപകൻ ഫാ. വർക്കി കാട്ടറാത്ത് ഇനി കത്തോലിക്കാസഭയിലെ ദൈവദാസൻ. നാമകരണ നടപടികൾക്കു തുടക്കം കുറിക്കുന്ന ദൈവദാസപദവി പ്രഖ്യാപനം വിൻസെൻഷ്യൻ സമൂഹത്തിന്റെ ഇടപ്പള്ളിയിലുള്ള ജനറലേറ്ററിൽ നടന്നു. നാമകരണ നടപടികളുടെ ഭാഗമായി രൂപീകരിച്ച അതിരൂപതാതല അന്വേഷണത്തിനുളള ബോർഡ് ഓഫ് എൻക്വയറി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

ഫാ. വർക്കി കാട്ടറാത്തിന്റെ കബറിടമുള്ള വൈക്കം തോട്ടകം ഇടവകയിലെയും ആശ്രമത്തിലെയും പ്രതിനിധികൾ ദൈവദാസന്റെ ഛായാചിത്രം അൾത്താരയിലേക്ക് എത്തിച്ചതോടെയാണ് ചടങ്ങുകൾക്കു തുടക്കമായത്. പോസ്റ്റുലേറ്റർ ഫാ. ജോസഫ് എറമ്പിൽ പ്രാർത്ഥന നയിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ദൈവദാസ പദവി പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ, പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്, സത്നാ രൂപത മുൻ ബിഷപ്പ് മാർ മാത്യു വാണിയകിഴക്കേൽ എന്നിവർ സന്ദേശം നല്കി.

ഫാ. കാട്ടറാത്തിനെ ദൈവദാസനായി പ്രഖ്യാപിക്കുന്നതിനുള്ള വത്തിക്കാന്റെ അനുമതിപത്രം അതിരൂപത ചാൻസലർ റവ.ഡോ. ജോസ് പൊള്ളയിൽ വായിച്ചു. നാമകരണ നടപടികൾക്കായി രൂപീകരിച്ച അതിരൂപതാതല അന്വേഷണത്തിനുള്ള ബോർഡ് ഓഫ് എൻക്വയറി അംഗങ്ങളായ ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ, എപ്പിസ്കോപ്പൽ ഡെലഗേറ്റ് റവ.ഡോ. ജെയിംസ് പെരേപ്പാടൻ, പോസ്റ്റുലേറ്റർ റവ.ഡോ. ജോസഫ് എറമ്പിൽ, പ്രമോട്ടർ ഓഫ് ജസ്റ്റീസ് റവ.ഡോ. സാജു കുത്തോടിപുത്തൻപുരയിൽ, ഹിസ്റ്റോറിക്കൽ കമ്മീഷൻ അംഗങ്ങളായ റവ.ഡോ. ആന്റണി പ്ലാക്കൽ, റവ.ഡോ. ബിജോ കൊച്ചടമ്പിള്ളിൽ, റവ.ഡോ. നോബിൾ മണ്ണറാത്ത്, നോട്ടറി സിസ്റ്റർ ലിജ, വൈസ് നോട്ടറി സിസ്റ്റർ രശ്മി, ട്രാൻസിലേറ്റർമാരായ സിസ്റ്റർ ആനി റോസിലന്റ്, സിസ്റ്റർ സെർജിയൂസ്, കോപ്പിയർ ഫാ. ജോൺ കൊല്ലകോട്ടിൽ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. വിൻസെൻഷ്യൻ സഭയുടെ സുപ്പീരിയർ ജനറൽ റവ.ഡോ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ, ജനറൽ കൗൺസിലറും സെക്രട്ടറി ജനറലുമായ ഫാ. അലക്സ് ചാലങ്ങാടി തുടങ്ങിയവർ പ്രസംഗിച്ചു. ഫാ. വർക്കി കാട്ടറാത്തിന്റെ ജീവിതവും ദർശനങ്ങളും അടിസ്ഥാനമാക്കി രചിച്ച രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും ഡോക്യുമെന്ററിയുടെ പ്രദർശനവും ഉണ്ടായിരുന്നു. വിവിധ സന്യാസ സമൂഹങ്ങളുടെ ജനറാൾമാർ, പ്രൊവിൻഷ്യൽമാർ, വൈദികർ, സമർപ്പിതർ, കാട്ടറാത്ത് കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങുകളിൽ പങ്കെടുത്തു.

1931 ഒക്ടോബർ 24-നു ദിവംഗതനായ ഫാ. വർക്കി കാട്ടറാത്തിന്റെ കബറിടം തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിലാണുള്ളത്. 1968 ഫെബ്രുവരി 11-നു പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ട വിൻസെൻഷ്യൻ കോൺഗ്രിഗേഷനിൽ 565 വൈദികർ ഇന്ത്യയുൾപ്പെടെ 18 രാജ്യങ്ങളിൽ ശുശ്രൂഷ ചെയ്യുന്നു. ഇരുനൂറിലധികം പേർ വൈദികപഠനം നടത്തുന്നുണ്ട്.


Source: Deepika, 2020 February 06