News

ഹരിതസമൃദ്ധി, വെജിറ്റബിള്‍ ചലഞ്ച് പദ്ധതികള്‍ക്കു തുടക്കം

കൊച്ചി: സഹൃദയ ഹരിതസമൃദ്ധി പദ്ധതിക്കു തുടക്കം. എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍റണി കരിയില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍ നടന്ന ചടങ്ങില്‍ സഹൃദയയുടെ വെജിറ്റബിള്‍ ചലഞ്ച് പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ ചന്ദ്രികാദേവി നിര്‍വഹിച്ചു.


ഓണത്തോടനുബന്ധിച്ചു ഓരോ കുടുംബങ്ങള്‍ക്കും ആവശ്യമായ പച്ചക്കറികള്‍ വീടുകളോടു ചേര്‍ന്നുതന്നെ  ഉത്പാദിപ്പിക്കുന്ന പദ്ധതിയാണ് ഹരിതസമൃദ്ധി. അതിരൂപതയിലെ ഓരോ ഇടവകയിലും മികച്ച കര്‍ഷകനെ കണ്ടെത്തുന്നതിനുള്ള വെജിറ്റബിള്‍ ചലഞ്ച് പദ്ധതിയില്‍ മികവു തെളിയിക്കുന്നവര്‍ക്കു പുരസ്കാരങ്ങള്‍ നല്‍കുമെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവള്ളില്‍ പറഞ്ഞു.


കൃഷിക്ക് ആവശ്യമായ വിത്തുകളും വളങ്ങളും സഹൃദയ ലഭ്യമാക്കും. തൃപ്പൂണിത്തുറയിലെ ആയിരം കുടുംബങ്ങള്‍ക്കു പത്ത് ഇനം പച്ചക്കറി വിത്തുകളടങ്ങുന്ന ആയിരം കിറ്റുകളും ഗ്രോ ബാഗുകളും വിതരണം ചെയ്തു. വികാരി ഫാ. തോമസ് പെരുമായന്‍, സഹവികാരി ഫാ. ജോമോന്‍ മാടവനക്കാട്, കൈക്കാരന്മാരായ ജോയി പുത്തന്‍പുരയ്ക്കല്‍, വര്‍ഗീസ് കവലയ്ക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ലിസ ജോസ് എന്നിവര്‍ പ്രസംഗിച്ചു.