News

സഹൃദയ 'വിദ്യാദർശൻ' പദ്ധതിക്കു തുടക്കമായി

കൊച്ചി: നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ഉറപ്പാക്കുന്നതിനായി എറണാകുളം - അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിദ്യാദർശൻ സൗജന്യ ടെലിവിഷൻ വിതരണ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. അതിരൂപതാതിർത്തിയിലുള്ള പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന നിർധനരായ 500 വിദ്യാർത്ഥികൾക്കു സൗജന്യമായി ടെലിവിഷനുകൾ നല്കുന്നതാണു പദ്ധതി.

നിർണായക സാഹചര്യങ്ങളിൽ ഭരണകൂടത്തിനൊപ്പം സന്നദ്ധ സംഘടനകൾക്കു പ്രവർത്തിക്കാനാകുമെന്നതിന്റെ മികച്ച മാതൃകയാണ് വിദ്യാദർശൻ പദ്ധതിയെന്നു മന്ത്രി പറഞ്ഞു. കടവന്ത്ര സെന്റ് ജോസഫ്സ് ചാരിറ്റീസ് ട്രെസ്റ്റും അതിരൂപത സാമൂഹ്യ പ്രവർത്തനവിഭാഗമായ സഹൃദയയും അതിരൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കടവന്ത്ര യുപി സ്കൂളിൽ നടന്ന ചടങ്ങിൽ എറണാകും - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ അധ്യക്ഷത വഹിച്ചു.

സുഭിക്ഷകേരളം പദ്ധതിയുമായി സഹകരിച്ച് അതിരൂപതയിൽ പരമാവധി സ്ഥലങ്ങളിൽ കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നതിനും തരിശ് ഭൂമി കൃഷിയിടങ്ങളാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആർച്ച്ബിഷപ്പ് പറഞ്ഞു. പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം മേയർ സൗമിനി ജെയിൻ നിർവഹിച്ചു.

അതിരൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസി മാനേജർ ഫാ. പോൾ ചിറ്റിനപ്പിള്ളി, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാ. ബെന്നി മാരാംപറമ്പിൽ, നഗരസഭാ കൗൺസിലർമാരായ ജോൺസൺ പാട്ടത്തിൽ, ആന്റണി പൈനുതറ, ഷാജി ആനാംതുരുത്ത് എന്നിവർ പ്രസംഗിച്ചു.


Source: Deepika, 2020 June 07