News

ഏഴു സോണുകളിൽ കൊവിഡ് ഹെൽപ് ഡസ്കുകളുമായി എറണാകുളം-അങ്കമാലി അതിരൂപത

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ സാമുഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, കെ.സി.വൈ. എം, സഹൃദയ സമരിറ്റൻ സ് എന്നിവരുമായി സഹകരിച്ച് കൊവിഡ് അതിജീവന, പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരംഭിച്ചിട്ടുള്ള ഹെൽപ്ഡ സ്ക്കുകളുടെ ഔപചാരിക ഉദ്ഘാടനം ഹൈബി ഈഡൻ എം.പി.നിർവഹിച്ചു. ആത്മധൈര്യവും അപരനോടുള്ള കരുതലും കൊവിഡ് കാല അതിജീവനത്തിൽ അതിപ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും ,  സർക്കാരിനൊപ്പം സന്നദ്ധ സംഘടനകളും സാധാരണക്കാരും സഹകരിച്ചു പ്രവർത്തിച്ചാലേ ഈ മഹാമാരിയെ വിജയകരമായി അതിജീവിക്കാനാവുകയുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആർച്ച് ബിഷപ്സ് ഹൗസിൽ സംഘടിപ്പിച്ച ചടങ്ങിൽ അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ അധ്യക്ഷനായിരുന്നു. രോഗികൾക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കുവാനും ലോക് ഡൗണിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായം എത്തിക്കുന്നതിനുമാണ് അതിരൂപത പ്രാമുഖ്യം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അതിരൂപത നൽകുന്ന സഹായത്തിന്റെ ആദ്യ ഗഡുവായി 10 ലക്ഷം രൂപയുടെ ചെക്ക് അദ്ദേഹവും അതിരൂപതാ ഫിനാൻസ് ഓഫീസർ ഫാ.സെബാസ്റ്റ്യൻ മാണിക്കത്താനും ചേർന്ന് സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തു വെള്ളിലിനു കൈമാറി. അതിരൂപതാ വികാരി ജനറൽ ഫാ.ജോസ് പുതിയേടത്ത്, ചാൻസലർ ഫാ.ബിജു പെരുമായൻ, വൈസ് ചാൻസലർ ഫാ.ജസ്റ്റിൻ കൈപ്രമ്പാടൻ, ബസിലിക്ക വികാരി ഫാ.ഡേവിസ് മാടവന, സഹൃദയ അസി.ഡയ റക്ടർ ഫാ.അൻസിൽ മയ് പാൻ, കെ.സി.വൈ.എം അതിരൂപതാ വൈസ് പ്രസിഡന്റ് കിരൺ ഗോപുരത്തിങ്കൽ എന്നിവർ സന്നിഹിതരായിരുന്നു.
അതിരൂപതയിൽ ഏഴ് സോണുകളിലായിട്ടാണ് ഹെൽപ് ഡസ്കുകൾ ആരംഭിച്ചിട്ടുള്ളത്. ആംബുലൻസ്, മരുന്ന്, ഭക്ഷണം, ടെലിമെഡിസിൻ, കൗൺസിലിംഗ്, മൃതസംസ്കാരം എന്നിവയ്ക്കുള്ള സഹായമാണ് ഹെൽപ് ഡസ്കുകളിൽ നിന്ന് ലഭ്യമാവുകയെന്ന് സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തു വെളളിൽ അറിയിച്ചു.