News

ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ ഒരുക്കി സഹൃദയ

കൊച്ചി: ഭിന്നശേഷിക്കാർക്കായി സ്പെഷൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ക്യാമ്പ് ഒരുക്കി എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ. ഭിന്നശേഷിക്കാർക്കായി ഒരുക്കുന്ന സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ചേരാനെല്ലൂർ പഞ്ചായത്തിൽ സ്പെഷൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷനും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ചേരാനെല്ലൂർ സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി 65 പേർ പങ്കെടുത്തു. 25 കുട്ടികൾക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷനുള്ള സൗകര്യം ഒരുക്കി നൽകി. 

ഭിന്നശേഷിക്കാരുടെ സാമൂഹ്യക്ഷേനം ഉറപ്പുവരുത്തുക. പരിമിതികൾക്കുള്ളിൽനിന്ന് അവരെ ഉയർത്തിക്കൊണ്ടു വരിക എന്നിവയാണ് സാമൂഹ്യാധിഷ്ഠിത പുനരധിവാസ പദ്ധതിയിലൂടെ സഹൃദയ ലക്ഷ്യംവയ്ക്കുന്നത്. തുടർന്നും മറ്റു പഞ്ചായത്തുകളിൽ ഭിന്നശേഷിക്കാർക്കായി എംപ്ലോയ്മെന്റ് രജിസ്ട്രേഷനുള്ള സൗകര്യം ഒരുക്കുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അറിയിച്ചു. റീജണൽ ഓഫീസർ ടി. സജിത് കുമാർ ബോധവത്കരണ ക്ലാസുകൾക്കു നേതൃത്വം നൽകി. ബ്ലോക്ക് മെമ്പർ സ്മിത സ്റ്റാൻലി, വാർഡ് മെമ്പർ രമ്യ തങ്കച്ചൻ, പ്രൊജക്ട് കോർഡിനേറ്റർ സെലിൻ പോൾ, പ്രൊജക്ട് യൂണിറ്റ് കോർഡിനേറ്റർ സിസ്റ്റർ ജയ്സി എന്നിവർ പ്രസംഗിച്ചു.