News

അങ്കമാലി ബസിലിക്കയിൽ സൗരോർജ പദ്ധതി

അങ്കമാലി: വൈദ്യുതി പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ സ്വന്തമായി സൗരോർജ പദ്ധതി നടപ്പിലാക്കി മാതൃകയായി അങ്കമാലി സെന്റ് ജോർജ് ബസിലിക്ക പള്ളി പുതുവത്സര പുലരി മുതൽ പള്ളി പൂർണമായും സൗരോർജ വൈദ്യുതി ഉപയോഗത്തിലേക്ക് മാറി. 20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മുപ്പത് കിലോവാട്ടിന്റെ സൗരോർജ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽനിന്ന് ലഭിക്കുന്ന വൈദ്യുതി കൊണ്ട് ബസിലിക്ക ദേവാലയം, നിത്യാരാധന ദേവാലയം, പാരീഷ് ഹാൾ, പള്ളിമേട എന്നിവ സൗരോർജ ഉപയോഗത്തിലേക്ക് മാറും. ബാക്കിവരുന്ന വൈദ്യുതി പള്ളിയുടെ കീഴിലുള്ള മറ്റു സ്ഥാപനങ്ങളിലും ഉപയോഗിക്കും. സെമിത്തേരിയുടെ മേൽക്കൂരയിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാന്റിന്റെ ഉദ്ഘാടനം ബസിലിക്കാ റെക്ടർ റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് നിർവഹിച്ചു. ഫാ. വിനു കുന്നേൽ, ഫാ. സിബിൻ മനയംപിള്ളി, കൈക്കാരന്മാരായ നൈജോ വർഗീസ് പാറേക്കാട്ടിൽ, പൗലോസ് അരീക്കൽ, സെക്രട്ടറി ഹാൻസ് മൂഞ്ഞേലി, വൈസ് ചെയർമാൻ ബാസ്റ്റ്യൻ ഡി. പാറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
കെ.സി. കോപ്പർ സോലൂഷൻ എനർജി അങ്കമാലി എന്ന സ്ഥാപനത്തിനായിരുന്നു നിർമ്മാണ ചുമതല.