News

സഹൃദയ ആശാകിരണം ക്യാൻസർ ഡിറ്റക്ഷൻ മൊബൈൽ ക്ലിനിക് ഉദ്ഘാടനം ചെയ്തു

അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുമായി സഹകരിച്ച് നടപ്പാക്കിവരുന്ന ആശാകിരണം ക്യാൻസർ കെയർ ക്യാംപയിന്റെ ഭാഗമായി ഇടപ്പള്ളി എം.എ.ജെ. ആശുപത്രിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന ക്യാൻസർ ഡിറ്റക്ഷൻ മൊബൈൽ ക്ലിനിക്കിന്റെ ഫ്ളാഗ് ഓഫ് കർമ്മം ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ നിർവഹിച്ചു. പ്രാരംഭദശയിൽ കണ്ടെത്തിയാൽ ചികിത്സയിലൂടെ പൂർണമായും ഭേദപ്പെടുത്താനാവുന്ന രോഗമാണ് ക്യാൻസർ എന്ന അറിവ് ജനങ്ങളിലേക്ക് പകരുന്നതിനൊപ്പം രോഗനിർണയത്തിനുള്ള സംവിധാനം ഏർപ്പെടുത്തുന്നതും കാലിക പ്രാധാന്യമുള്ള വിഷയങ്ങളാണെന്ന് പിതാവ് സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. സമൂഹം നേരിടുന്ന പ്രതിസന്ധികൾക്ക് ദീർഘവീക്ഷണത്തോടെയുള്ള പരിഹാരം കണ്ടെത്തുന്നതിൽ സഹൃദയയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പ്രദേശങ്ങളിലും എത്തി ബോധവത്കരണ ക്ലാസ്സുകൾക്കൊപ്പം ആവശ്യമുള്ളവർക്ക് സൗജന്യനിരക്കിൽ രോഗനിർണയ പരിശോധനകൾ നടത്തുന്നതിനാണ് മൊബൈൽ ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. ഫാ. ആന്റണി മഠത്തുംപടി, ഫാ. ജോളി പുത്തൻപുര, ഹൈബി ഈഡിൻ എം.പി., ഫാ. പോൾ മൂഞ്ഞേലി, പാപ്പച്ചൻ തെക്കേക്കര, ഡോ. ജോണി കണ്ണമ്പിള്ളി, ഫെമിന ജോർജ്ജ്, ലിസ, അബീഷ് ആന്റണി എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.